നിങ്ങൾ സന്തോഷവാനാണോ?

ഒരു ലളിതജീവിതം നയിച്ച മനുഷ്യന്റെ കഥ — നിങ്ങൾ സന്തോഷവാനാണോ എന്ന ചോദ്യം ഉന്നയിക്കുന്ന ബ്ലോഗ്

ഈ ബ്ലോഗ് മലയാളത്തിൽ എഴുതണം എന്ന ആശയം തോന്നാൻ ഒരു കാരണമുണ്ട്. എന്റെ മനസ്സിന്റെ ഭാഷയിൽ എഴുതിയാൽ മാത്രമേ ഈ ബ്ലോഗ് എനിക്ക് സംതൃപ്തി നൽകുകയുള്ളൂ.

നിങ്ങൾക്ക് അപരിചിതനായ ഒരാൾ മരിച്ചപ്പോൾ അതിയായ ദുഃഖം തോന്നിയിട്ടുണ്ടോ?

ഉണ്ടാകാം, ഉണ്ടാകാതിരിക്കാം, അല്ലേ!

അങ്ങനെയുള്ള സാഹചര്യങ്ങൾ വേനൽക്കാലത്തെ മഴ പോലെയാണ്. എപ്പോൾ, എവിടെനിന്ന് കടന്നുവരുമെന്ന് അറിയില്ല.

എന്നാൽ എനിക്ക് അങ്ങനെയൊരു സാഹചര്യമുണ്ടായി. ഒരു അപ്രതീക്ഷിത മഴ, എന്നെ കുറച്ച് മണിക്കൂറുകളോളം നിശ്ശബ്ദനാക്കിയ മഴ.

ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ നടന്നായിരുന്നു സ്കൂളിൽ പോയിരുന്നത്. സ്കൂളിന്റെ അടുത്തായിരുന്നു എന്റെ വീട്. കാര്യം നിസ്സാരമാണെങ്കിലും സ്കൂളിലേക്ക് പോകുമ്പോഴുള്ള കാഴ്ചകൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു.

ആ ദിവസങ്ങളിൽ ഞാൻ എപ്പോഴും ഒരു അങ്കിളിനെ ശ്രദ്ധിക്കുമായിരുന്നു.

സ്കൂളിലെ കുട്ടികളിൽ മിക്കവരും എന്നെപ്പോലെ നടന്നായിരുന്നു വന്നിരുന്നത്. സൈക്കിളുള്ളവർ സൈക്കിളിലും ബാക്കിയുള്ളവർ സ്കൂൾ ബസ്, ഓട്ടോ അങ്ങനെയൊക്കെയുമായിരുന്നു വന്നിരുന്നത്.

പേരറിയാത്ത ഈ അങ്കിളിനെ ശ്രദ്ധിക്കാൻ കാരണം അദ്ദേഹം മക്കളെ സ്കൂളിൽ കൊണ്ടുവന്നിരുന്നത് സൈക്കിളിലായിരുന്നു എന്നതാണ്.

ഉയരം കുറഞ്ഞ, നല്ല കുടവയറുള്ള, മീശയുള്ള അങ്കിൾ. അദ്ദേഹത്തിന്റെ മക്കളും അങ്കിളിനെപ്പോലെ തന്നെയായിരുന്നു. ആറിലും മൂന്നിലും പഠിക്കുന്ന രണ്ട് കുട്ടികൾ.

അവരെ രണ്ടുപേരെയും സൈക്കിളിൽ കൊണ്ടുവരും. ക്ലാസ് കഴിയുമ്പോൾ സൈക്കിളിൽ തിരിച്ചുകൊണ്ടുപോകും.

ഞാൻ അന്ന് ഓർക്കുമായിരുന്നു:

എന്തായിരിക്കും ഈ അങ്കിളിന്റെ ജോലി?

രണ്ടോ മൂന്നോ വർഷത്തോളം അത് അങ്ങനെ പോയി.

പിന്നീട് അങ്കിൾ ഒരു പഴയ സ്കൂട്ടറിൽ കുട്ടികളെ കൊണ്ടുവരാൻ തുടങ്ങി. പഴയൊരു ലാംബ്രട്ട സ്കൂട്ടർ. രണ്ട് കുട്ടികളെ ഇരുത്തി അത് ഓടിച്ചുവരുന്നത് കാണാൻ ഒരു രസമായിരുന്നു.

മറ്റുള്ളവരുടെ സന്തോഷത്തിലും ഉയർച്ചയിലും സന്തോഷിക്കാൻ എനിക്ക് പ്രത്യേകമായൊരു കഴിവുണ്ടെന്ന് ഞാൻ തന്നെ തിരിച്ചറിഞ്ഞ പല സാഹചര്യങ്ങളിൽ ഒന്നായിരുന്നു അത്.

എന്റെ ചിന്തകൾ പിന്നെയും തുടർന്നു. എന്തായിരിക്കും അങ്കിളിന്റെ ജോലി?

അക്കാലത്ത് സൈക്കിളിൽ ചുറ്റിനടക്കുന്നത് പതിവായിരുന്നു. കൂടുതലും ഒറ്റയ്ക്കായിരുന്നു. അങ്ങനെ അപ്രതീക്ഷിതമായി ഒരിക്കൽ ഞാൻ കണ്ടു.

അങ്കിളിന് സ്കൂളിൽനിന്ന് രണ്ട് കിലോമീറ്റർ മാറി ഒരു പലചരക്കുകടയുണ്ട്. അങ്കിളും ആന്റിയും ചേർന്നാണ് അത് നടത്തുന്നത്.

പിന്നീട് ആ വഴിയിലൂടെ പോകുമ്പോഴൊക്കെ ഞാൻ അങ്കിളിനെ നോക്കും. ബസിൽ പോകുമ്പോഴും സൈക്കിളിൽ പോകുമ്പോഴും.

അങ്കിൾ പതുക്കെ ലാംബ്രട്ട മാറ്റി ആക്ടീവ വാങ്ങി. അതും പുതിയത്!

അത് കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം ഇന്നും മറക്കാൻ കഴിയില്ല.

എന്തൊക്കെയാണെങ്കിലും അങ്കിൾ നല്ലൊരു വസ്ത്രം ധരിച്ച് ഞാൻ കണ്ടിട്ടില്ല. എപ്പോഴും മുഷിഞ്ഞ ഒരു കള്ളിമുണ്ടോ പഴയൊരു പാന്റോ, അല്ലെങ്കിൽ വലുപ്പം കൂടിയ ഒരു ബനിയനോ ആയിരിക്കും വേഷം.

മക്കൾ ടിപ്പ്ടോപ്പാണ്, ഭാര്യയും. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നെട്ടോട്ടത്തിനിടയിൽ അദ്ദേഹം സ്വന്തം കാര്യങ്ങളൊക്കെ മറന്നുപോയതാകാം.

ഞാൻ പ്ലസ് ടു പഠിക്കുമ്പോൾ സ്കൂളിലെ അവസാനകാലമായപ്പോഴേക്കും തിരക്ക് കൂടി. ട്യൂഷൻ, പഠനം, അതിനിടയിലെ മറ്റു തിരക്കുകൾ… ഞാൻ തിരക്കിലായി. അങ്കിളിനെ ശ്രദ്ധിക്കാൻ സമയം കുറഞ്ഞു.

പക്ഷേ, അവസാന പരീക്ഷകളിലൊന്നിന്റെ സമയത്ത് ഞാൻ ഓർത്തു:

നാളെ നേരത്തേ വരണം. അങ്കിളിനെ കാണണം. വണ്ടി മാറ്റിയോ എന്ന് നോക്കണം!

അങ്കിൾ കാർ ഓടിക്കാൻ പഠിച്ചു. ഒരു പഴയ സെൻ കാർ.

പിന്നീട് എന്റെ ജീവിതം തുടങ്ങി. കോളേജായി, അതിന്റെ പിന്നാലെ ജോലിയായി, ബിസിനസ്സായി.

പക്ഷേ, എന്റെ ഒരു ശീലം മാത്രം മാറിയില്ല. അങ്കിളിന്റെ കടയെത്തുമ്പോൾ അദ്ദേഹം അവിടെയുണ്ടോ എന്ന എന്റെ അന്വേഷണം.

മിക്കപ്പോഴും ഒരു കസേരയിൽ ഇരിക്കുന്നത് കാണാം. മുഷിഞ്ഞ, വലുപ്പം കൂടിയ ഒരു ഷർട്ടും മുണ്ടും. ആഴ്ചയിലൊരിക്കൽ മാത്രമായിരിക്കാം ഷേവ് ചെയ്യുന്നത്. ചെറിയ താടിരോമങ്ങൾ അപ്പോഴും കാണും. കട്ടിയുള്ള മീശയുണ്ട്. മുടിക്ക് ഡൈ ചെയ്യാറില്ല.

മനസ്സുകൊണ്ട് ഒരു സലാം പറഞ്ഞ് ഞാൻ മിക്ക ദിവസങ്ങളിലും അങ്കിളിനെ നോക്കിക്കൊണ്ട് പോകും.

രണ്ട് പെൺമക്കളെയും നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചുവെന്ന് എനിക്ക് അറിയാൻ കഴിഞ്ഞു. രണ്ടുപേരും എൻജിനീയർമാരാണ്. യോഗ്യരായ ഭർത്താക്കന്മാരെയും ലഭിച്ചു.

ഇന്ന് സൂപ്പർമാർക്കറ്റിൽ പോയി തിരിച്ചുവരുന്ന വഴിയിൽ ഞാൻ നോക്കിയപ്പോൾ ഒരു ആംബുലൻസ്.

അങ്കിളിന്റെ വീടിന് മുന്നിൽ!

ഞാൻ ഓടിയിറങ്ങി. പ്രാർഥിച്ചു, മറ്റാരെങ്കിലുമാകണേ എന്ന്.

എനിക്ക് അങ്കിളിന്റെ പേര് അറിയില്ലായിരുന്നു. ഞാൻ അവിടെ ഒരാളോട് ചോദിച്ചു:

“ആരാണ് മരിച്ചത്?”

അയാൾ പറഞ്ഞു, “ജോജോ.”

അങ്കിളിന്റെ പേര് അറിയാത്തതുകൊണ്ട് ഞാൻ ഒന്നുകൂടി ചോദിച്ചു:

“ആ പലചരക്കുകടയിലെ ആളാണോ?”

“അതെ,” എന്നായിരുന്നു മറുപടി.

ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ കയറാതെ എന്റെ വീട്ടിലേക്ക് പോന്നു.

കുറേനേരം മുറിയടച്ചിരുന്നു.

മനസ്സിൽ എവിടെയോ ഒരു കരിങ്കല്ല് വെച്ചതുപോലെയുള്ള ഭാരം.

മക്കൾക്കും കുടുംബത്തിനും വേണ്ടി ഇതുപോലെ ജീവിച്ച ആ മനുഷ്യൻ… വാർധക്യകാലത്തെങ്കിലും അങ്കിളിനെ നല്ല സുന്ദരനായ ഒരാളായി, പള്ളിയിൽ വരുന്നതും പുതിയൊരു കാർ ഓടിക്കുന്നതുമൊക്കെ കാണണം എന്ന തീവ്രമായ ആഗ്രഹം കൊണ്ടുതന്നെയായിരുന്നു അദ്ദേഹത്തെ കാണാനുള്ള എന്റെ ആഗ്രഹം ഞാൻ നീട്ടിക്കൊണ്ടുപോയത്.

എവിടെയോ ഞാൻ സന്തോഷം കണ്ടെത്തിയിരുന്ന ഒരു ജീവിതം എനിക്ക് പഠിക്കാനുള്ള ഒരു പാഠമായി മാറി.

എനിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല.

അങ്കിളിന്റെ അവസാനം എങ്ങനെയായിരുന്നു? എങ്ങനെ? എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

ഒരു ജന്മം മുഴുവൻ പ്രിയപ്പെട്ടവർക്കുവേണ്ടി ജീവിച്ച്, സ്വന്തം ഇഷ്ടങ്ങൾ അറിയാനും സ്വന്തമാക്കാനും എവിടെയോ മറന്നുപോയി.

ഞാൻ ഉള്ളിൽ പ്രാർഥിച്ചു. അടുത്ത ജന്മത്തിൽ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ഒരു ജീവിതം ലഭിക്കട്ടെ എന്ന്.

എനിക്കറിയാം, അങ്കിളിനെ അറിയുന്ന എല്ലാവരും ഇപ്പോൾ അദ്ദേഹത്തെ ഒരുപാട് വാഴ്ത്തുന്നുണ്ടാകും. കുടുംബം നോക്കി, മക്കളെ വിവാഹം കഴിപ്പിച്ചു, സ്വത്തുക്കളൊക്കെ സമ്പാദിച്ചു എന്നൊക്കെ!

നല്ലൊരു സൈക്കിൾ സ്വന്തമാക്കാൻ കഴിയാത്തതിന്റെ വിഷമം, നല്ലൊരു വസ്ത്രം ആഗ്രഹിച്ച സമയത്ത് ധരിക്കാൻ കഴിയാത്തതിന്റെ വിഷമം… ഇതൊക്കെ നമ്മൾ മനസ്സിൽ കൊണ്ടുനടക്കില്ലേ?

അങ്ങനെയെങ്കിൽ, ഒരു ജന്മം മുഴുവൻ ഉള്ളിലെ ആഗ്രഹങ്ങൾ കുഴിച്ചുമൂടിയ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ?

ആ കുഴിയിലേക്ക് തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ശരീരവും.

ഒരുപക്ഷേ, അടുത്തിടെ ഞാൻ എടുത്ത ഒരു തീരുമാനത്തിന് എന്നെ പ്രേരിപ്പിച്ചത് അങ്കിളിന്റെ ജീവിതമായിരിക്കാം.

എന്റെ കുടുംബത്തിലെ ഒരു അംഗമാണ് ഞാനും. മറ്റുള്ളവർക്കായി ഞാൻ മാറ്റിവെക്കുന്ന അതേ തുകയോടൊപ്പം ഇരുപത് ശതമാനം അധികം പണം കൂടി എനിക്കായി മാറ്റിവെക്കും.

കാരണം, ഈ ജന്മം എനിക്കും കൂടി അവകാശപ്പെട്ടതല്ലേ?

കടമകൾ മരണംവരെ വന്നുകൊണ്ടേയിരിക്കും.

പക്ഷേ, നമ്മളോട് എത്രപേർ ചോദിക്കും, “Are you happy?” എന്ന്!

ആ ചോദ്യം ആരെങ്കിലും ചോദിക്കുന്നതിനായി ഒരു ജന്മം മുഴുവൻ കാത്തിരിക്കണോ?

അതോ, ആ ചോദ്യം സ്വയം നമ്മളോട് ചോദിച്ച് ഒരു ജന്മം പാഴാക്കാതിരിക്കണോ?

Leave a Comment

Your email address will not be published. Required fields are marked *

💬 Chat with Jerry
🌟

Wait — Before You Go

Don't leave without claiming your free 10-minute Clarity Call with Jerry.

  • Understand the root cause of your challenge
  • Get a personalised healing direction
  • No pressure. No commitment required.
  • Available for remote clients worldwide
Claim My Free Clarity Call